Select Your Language

 
 

Navigation

 
 

ആട്ടക്കഥകൾ

 
 

Syndicate

 
Syndicate content
 
Syndicate content

ചമ്പ

പദം 6

കുറിപ്പ്: 

വാനരപുംഗവ,
ദു:ഖിക്കേണ്ട. അയോദ്ധ്യാമഹീപതി ഭരതന്‍ സകലദിക്കുകളിലേക്കും രാജസമൂഹത്തെ
അയച്ചവരില്‍ ഒരുവനായ രാമനാണ് ഞാന്‍. അധര്‍മ്മം ഇല്ലാതെയാക്കി
ധമ്മത്തെരക്ഷിക്കുവാനാണ് അദ്ദേഹം ഞങ്ങളെ അയച്ചിട്ടുള്ളത്. പുത്രരും
അനുജരും തുല്യമാണ്. ആനിലക്ക് താങ്കള്‍ പുത്രഭാര്യയെ അപഹരിച്ചുവല്ലൊ.
ഇങ്ങിനെ ചെയ്തതിനാലാണ് വാനരരാജാ, ഇന്ദ്രപുത്രനായ അങ്ങയെ ഞാന്‍
വധിച്ചതെന്ന് അറിയുക.




ശാഖാമൃഗപുംഗവ മാ കുരുശോകത്തെ

സാകേതമഹീപാലന്‍ ഭരതന്‍ മഹാത്മന്‍



സകലദിക്കുകളിലും നരപതിതതികളെ

സുമുഖനയച്ചവരില്‍ രാമനഹമേകന്‍

ധര്‍മ്മരക്ഷണംചെയ്തു അധര്‍മ്മമൊതുക്കുവാനും

നിര്‍മ്മലനരുളി അയച്ചതുമസ്മാന്‍



പുത്രരും അനുജരും തുല്യമല്ലൊ ആകുന്നു

പുത്രഭാര്യയെ ഭവാന്‍ അപഹരിച്ചല്ലൊ

വൃത്രവൈരിനന്ദന ഏവംചെയ്തതിനാലെ

വദ്ധ്യനാക്കി കപിരാജ നിന്നെ ഞാനെന്നറിക.


പദം 4

കുറിപ്പ്: 

വിവേകിയായ വാനരാവീരാ, എന്നെ ചവിട്ടരുത്. ജേഷ്ഠാ,ദുര്‍വാശിയുപേക്ഷിച്ച്
കരളുറപ്പോടെ യുദ്ധത്തിനു വരിക.



ശേഷം യുദ്ധം-

ഇരുവരും
പോരിനുവിളിച്ച് ക്രമത്തില്‍ യുദ്ധചുവടുകള്‍ വെയ്ക്കുന്നു. മേളം മുറുകി
ഇരട്ടികലാശമെടുത്ത് ഇരുവരും നിലത്തിരിക്കുന്നു.(ഇവിടെ മേളം നിലക്കുന്നു).
ഇരുവരും ഇരുന്ന് മീശപിരിക്കുക, താടിയോതുക്കുക, അലറുക,ചിരിക്കുക,
കൊഞ്ഞണംകുത്തുക,മാന്തുക തുടങ്ങിയ വാനരചേഷ്ടകള്‍ കാട്ടി മത്സരിക്കുന്നു.
അതിനുശേഷം ‘കിടന്നു ചവിട്ടല്‍’(ഇവിടെ നേരിയതോതില്‍ മേളം തുടങ്ങുന്നു).
കിടന്നുകൊണ്ട് താളത്തിനൊപ്പിച്ച് പ്രത്യേകരീതിയില്‍ കാല്‍ചവുട്ടുന്നതാണ്
‘കിടന്നുചവിട്ടല്‍’. തുടര്‍ന്ന് എഴുന്നേറ്റ് പുലിയങ്കം(മേളം മുറുകുന്നു).
പുലി പതിയിരുന്ന് ചാടി നഖംകൊണ്ട് ആക്രമിക്കുന്നതിന്റെ
നേരിയഛായയുള്ളതിനാലാണ് ഈ പ്രത്യേക അടവിന് ‘പുലിയങ്കം’ എന്നപേര്‍ വന്നത്.
ശേഷം ഇരുവരും ‘നോക്കിക്കൊ’ എന്നുകാട്ടി നലാമിരട്ടി ചവിട്ടുന്നു. ഇതു
കലാശിച്ചാല്‍ സുഗ്രീവന്‍ മുന്നോട്ട്(സദസ്യരുടെ ഇടയിലേക്ക്) ഓടുന്നു. ബാലി
പിന്നാലെ ഓടുന്നു. ഈ സമയത്ത് രാമലക്ഷ്മണന്മാര്‍ പ്രവേശിക്കുന്നു*. രാമന്‍
ബാലിയുടെ നേരേ ഒളിയമ്പ് അയക്കുന്നു. അമ്പേറ്റ ബാലി (സദസ്യര്‍ക്കിടയില്‍
നിന്നും) രംഗത്തെത്തി, വീഴുന്നു. സുഗ്രീവനും പിറകെ വന്ന് ബാലിയുടെ
ഇടത്തായി ഭക്തിയോടെ ഇരിക്കുന്നു. താരയും അംഗദനും പ്രവേശിച്ച്, ബാലിയുടെ
ഇരുവശങ്ങളിലുമായി ഇരുന്ന് ദു:ഖാര്‍ത്തരായി വിലപിക്കുന്നു. ബാലി
രംഗത്തിന്റെ വലത്തുഭാഗത്തുള്ള രാമലക്ഷ്മണന്മാരെ കണ്ട്, പദം അഭിനയിക്കുന്നു.





[*
ഇവിടെ വെച്ച് പതിമൂന്നാം‌രംഗം പതിനാറാം രംഗത്തിലേക്ക് സങ്ക്രമിക്കുന്നു.
ഇതിനിടയിലുള്ള പതിനാല്, പതിനഞ്ച് രംഗങ്ങള്‍ വളരെക്കാലമായി നടപ്പിലില്ല.]




കാല്‍ത്തലം കൊണ്ടു ചവിട്ടീടൊലാ മാം

ക്യതജ്ഞനാകിയ ,മര്‍ക്കടവീര

കുടിലതരഹ്യദയമതു കളക സഹജാനീ

ദ്യഢതയൊടു പടപൊരുതുവതിന്നിഹ യാഹി


പദം 3

കുറിപ്പ്: 

മുന്‍പ്
നീയെന്നെ യുദ്ധത്തിനു വിളിച്ചു. കുപിതനായ എന്നെ കണ്ടിട്ട് നീ പേടിച്ചോടി.
ഇപ്പോള്‍ യുവരാജപ്പട്ടം തരണമെന്ന് അപേക്ഷിക്കുന്ന നിന്റെ മൂര്‍ദ്ധാവില്‍
കാലുകള്‍കൊണ്ടുള്ള പ്രഹരങ്ങളാണ് ഉടനെ തരാന്‍‌പോകുന്നത്.



[^^^‘യുദ്ധത്തിനെന്നെ
വിളിച്ചുടന്‘ എന്ന് ചൊല്ലിവട്ടതട്ടിയാല്‍ ബാലി,’ഞാന്‍ അസുരനുമായി ഗുഹയില്‍
യുദ്ധത്തിലേര്‍പ്പട്ടപ്പോള്‍ നീ ഗുഹയുമടച്ചുവന്ന് എന്റെ ശേഷക്രിയയും
ചെയ്ത് രജ്യമേറ്റേടുത്തില്ലെ? അങ്ങിനെയുള്ള നിന്നെ ശരിയാക്കുന്നുണ്ട്’
എന്നാടി കലാശമെടുത്തിട്ട് ചരണം ആടുന്നു.]



‘അരുതേ, അരുതേ’
എന്നുചൊല്ലി കാല്‍കുമ്പിടുന്ന സുഗ്രീവനെ ബാലി ഇടംകാല്‍കൊണ്ട് ചവിട്ടി
മറിക്കുന്നു.മറിഞ്ഞുവീണസുഗ്രീവന്‍ എഴുന്നേറ്റ് ക്രുദ്ധനായി ബാലിയുടെ
നേരേചെന്ന് ബാലിയെ നിന്ദിച്ചിട്ട് കലാശമെടുത്ത് പദം അഭിനയിക്കുന്നു.




യുദ്ധത്തിനെന്നെ വിളിച്ചുടന്‍ മുന്നം^^^

ക്രുദ്ധനായ് കണ്ടിട്ടു ഭീതനായോടീ

യുവന്യപത തരണമിതി പറവതിനുഝടിതി

തവ തരുവനമിതപദഹതികള്‍ മൂര്‍ദ്ധാവില്‍


പദം 2

കുറിപ്പ്: 

അമിതബലവാനായ
ജേഷ്ഠാ,അങ്ങയുടെ പാദപത്മം ഞാന്‍ ആദരപൂര്‍വ്വം വണങ്ങുന്നു. ദു:ഖിതനായ എന്നെ
രക്ഷിക്കുക. തെറ്റുകള്‍ എല്ലാം പൊറുത്ത് ഈ അനുജന് യുവരാജപട്ടം തന്നാലും.



[^^‘തവസഹജനമിതബല‘
എന്നു ചൊല്ലിവട്ടം തട്ടിയാല്‍ ബാലിയാണ് കലാശമെടുക്കുക. യുദ്ധത്തിനു
വിളിച്ചശേഷം ക്ഷമായാചനം നടത്തുന്നതിലുള്ള ബാലിയുടെ അമര്‍ഷം
വെളിവാക്കുകയാവാം ഇതിന്റെ ഉദ്ദേശം]




സോദരബാലിന്‍ പദാബുജം നിന്റെ

സാദരം നൌമി മാം പാലയദീനം



തവസഹജനമിതബല^^

പിഴകളും പൊറുത്തു

യുവന്യപത മമ തരിക

മഹിതഗുണ കീര്‍ത്തേ


പദം 2

കുറിപ്പ്: 

സുഗ്രീവാ,
താങ്കള്‍ക്ക് ഉറപ്പുവരാൻ‍, നിന്റെ മുന്നില്‍‌വെച്ച്തന്നെ ഉഗ്രമായ
ബാണമയച്ച് സാലങ്ങളെ പിളര്‍ക്കാം. എന്റെ വിക്രമം നീ ഇതിനാല്‍
അറിഞ്ഞുകൊള്ളുക. വിരാ,സാദരം എന്റെ വാക്കു കേള്‍ക്കുക.



രാമന്‍
വില്ലുകെട്ടി ‘എന്നാല്‍ കണ്ടാലും’ എന്നുകാട്ടി നലാമിരട്ടിയെടുത്തിട്ട്,
കെട്ടിച്ചാടി അസ്ത്രമയക്കുന്നു. സപ്തസാലങ്ങള്‍ അങ്ങുമിങ്ങും മുറിഞ്ഞു
വീഴുന്നതുകണ്ട്(ഈ സമയം ചെണ്ടയില്‍ വലന്തല കൊട്ടുന്നു) സുഗ്രീവന്‍
വിസ്മയപ്പെട്ട് രാമനെ നമസ്ക്കരിക്കുന്നു.



ശേഷം ആട്ടം-

സുഗ്രീവൻ‍:‘അല്ലയോ
രാജശ്രേഷ്ഠാ, അവിടുത്തെ ശക്തി അത്യത്ഭുതം തന്നെ. എനിക്കിനി
രാജ്യാദികളൊന്നും വേണ്ട. സദാ അവിടുത്തെ പാദം സേവിച്ചിരുന്നാല്‍ മതി.



രാമൻ‍:‘അതു
ശരിയല്ല. നാമിരുവരും സത്യംചെയ്തതല്ലെ? ബാലിയെ വധിക്കുവാന്‍ ഞാന്‍
സഹായിക്കാം. ധൈര്യത്തോടെ പോയി ബാലിയെ പോരിനു വിളിച്ചാലും.’



സുഗ്രീവൻ‍:‘ശരി. അവിടുത്തെ കല്‍പ്പനപോലെ.’



രാമൻ‍:‘നിങ്ങള്‍
യുദ്ധംചെയ്യുന്ന സമയത്ത് ഞാന്‍ ഒളിഞ്ഞിരുന്ന് അസ്ത്രമയച്ച് ബാലിയെ
വധിച്ചുകൊള്ളാം. ആസമയത്ത് നിങ്ങളെ തിരിച്ചറിയുവാനായി ഒരു വഴിയുണ്ട്.’

(ലക്ഷ്മണനോട്) ‘വേഗത്തില്‍ ഒരു പുഷ്പഹാരം കൊണ്ടുവന്ന് ഇവനെ അണിയിച്ചാലും.’



ലക്ഷ്മണന്‍
വേഗം ഒരു പുഷ്പഹാരം കൊണ്ടുവന്ന് സുഗ്രീവന്റെ കഴുത്തിലണിയിക്കുന്നു.
സുഗ്രീവന്‍ വന്ദിച്ച് യാത്രയാകുന്നു. രാമനും ലക്ഷ്മണനും നിഷ്ക്രമിക്കുന്നു.



സുഗ്രീവൻ‍*‍:(തിരിഞ്ഞുവന്ന്
‘അഡ്ഡിഡ്ഡിക്കിട ചവുട്ടിയിട്ട്) ‘ഇതാ വലിയ ഗോപുരങ്ങളോടുകൂടിയ
കിഷ്ക്കിന്ധരാജധാനി കാണുന്നു. ബാലി എവിടെ? ആ, ഏതായലും ഇനി ബാലിയെ പോരിനു
വിളിക്കുകതന്നെ.’



സുഗ്രീവന്‍ നാലാമിരട്ടിചവുട്ടി പദം അഭിനയിക്കുന്നു.




സുഗ്രീവ നിന്‍‌ഹൃദി പ്രത്യയം വരുവതിനു

അഗ്രേ നീ കാണവേ സാലങ്ങളെ



ഉഗ്രമാം ബാണമയച്ചു പിളര്‍ന്നീടാം

വിക്രമം നീയതിനെയറിക കപിവീര



സാദരമയേ വാക്കു കേള്‍ക്ക മമ വീരാ


പദം 1

കുറിപ്പ്: 

സുഹ്യത്തേ
രാമ, പണ്ട് ഖിന്നതയില്ലാതെ ബാലി ദുന്ദുഭിയെ എടുത്തെറിഞ്ഞല്ലൊ. ഇന്ന്
അവിടുന്നും അതുചെയ്തു.എന്നാല്‍ എനിക്ക് വിശ്വാസമായില്ല. അതിബലവാനും
ധൈര്യശാലിയുമായ എന്റെ ജേഷ്ഠനായ ബാലി കൈത്തരിപ്പുതീര്‍ക്കുവാനായി ചെന്ന്
താഡനം ചെയ്യുന്ന ഏഴുമരങ്ങളാണീ കാണുന്നത്. ഉയര്‍ന്ന ശാഖകളോടുകൂടിയ ഇവയില്‍
ഒന്നിനെ ഭവാന്‍ മുറിച്ചാല്‍ കൊള്ളാം.എന്നാല്‍ ഇതു മടികൂടാതെ ചെയ്യാന്‍
അങ്ങ് ബാണത്തെ അയക്കണം.




രാഘവ സഖേ വാക്കു കേള്‍ക്ക മമ വീരാ



ദുന്ദുഭി തന്നുടെ കായവിക്ഷേപണം

അന്നുഖിന്നോപിചെയ്തല്ലൊ ബാലി



മന്നവ നീയതിനെ മോദേനചെയ്തതിനു

ഇന്നി മമ വിശ്വാസം വന്നതില്ലല്ലൊ



ബാലി മമ സോദരന്‍ ഭീമബലധൈര്യവാന്‍

ബലമിയലും കയ്യൂക്കു കട്ടുവതിനായ്



സാലന്തികം പുക്കു താഡനം ചെയ്തുടന്‍

കൈത്തരിപ്പടക്കീടും സാലമിതല്ലൊ



ഉന്നതശാഖങ്ങളായ സാലങ്ങളില്‍

ഒന്നിനെ ഭേദിക്കവേണം ഭവാന്‍



എന്നാലതിനു മടികൂടാതെ ചെയ്‌വതി-

നുന്നിശ്ശരത്തെ നീ യാത്രയാക്കേണം


പദം 6

കുറിപ്പ്: 

ധന്യേ,
അന്ത:പുരത്തില്‍‌പോയ് വസിക്കുക. നിന്നോടിതിനേക്കുറിച്ചൊന്നും ഞാന്‍
പറഞ്ഞില്ലല്ലൊ. ഇനിയും ഈവിധം പറയരുത്. അഭിമാനികളില്‍ ശ്രേഷ്ഠയായവളെ,
ഞാനാണെ സത്യം നീ പോയാലും.



ചരണാന്ത്യത്തില്‍ രാവണന്‍ മണ്ഡോദരിയെ
ആലിംഗനംചെയ്തുകൊണ്ട് ഇരട്ടിയെടുത്ത് മണ്ഡോദരിയെ അയക്കുന്നു. മണ്ഡോദരി
നിഷ്ക്രമിച്ചശേഷം രാവണന്‍ തിരിഞ്ഞുവന്ന് ആട്ടം തുടങ്ങുന്നു.


ശേഷം ആട്ടം:-


രാവണൻ‍:’സീതയുടെ
സൌന്ദര്യാദിഗുണങ്ങള്‍ കേട്ടതിനാല്‍ കാമദേവന്‍ എന്നെ വല്ലാതെ
പീഡിപ്പിക്കുന്നു. അവളെ ലഭിക്കുവാന്‍ വഴിയെന്ത്? സീതയുടെ സമീപത്തുചെന്ന്
എന്റെ മഹിമകള്‍ പറഞ്ഞാല്‍ അവള്‍ എനിക്ക് സ്വാധീനമാകും. എന്നാല്‍ അവളോരു
മനുഷ്യസ്ത്രീയല്ലെ, എന്റെ ഈ ആകാരം കണ്ടാല്‍ ഭയപ്പെട്ട് ഒളിക്കുകയില്ലെ? ആ,
വേഷം മാറിയിട്ടുവേണം ചെല്ലുവാൻ‍. ഒരു സന്ന്യാസിവേഷം ധരിക്കുകതന്നെ. ആ
രാമലക്ഷ്മണന്മാര്‍ ഖരദൂഷണാദികളെയെല്ലാം കൊന്നു. ലക്ഷ്മണനാകട്ടെ എന്റെ
സോദരിയുടെ അംഗച്ഛേദവും ചെയ്തു. അതിനാല്‍ അവര്‍ ശത്രുക്കള്‍ തന്നെ. ഛീ,
മനുഷ്യകീടങ്ങളോട് യുദ്ധംചെയ്യുന്നത് എനിക്ക് തീര്‍ച്ചയായും അപമാനകരമാണ്.
സീതയെകൊണ്ടുപോന്നുതന്നെ അവരോട് പകരംവീട്ടണം. രാമലക്ഷ്മണന്മാരെ ദൂരേക്ക്
അകറ്റിയിട്ടുവേണം സീതയുടെ അടുത്തുചെല്ലുവാൻ‍. അതിനു് ഉപായം എന്ത്?‘
(ആലോചിച്ചിട്ട്) ‘ആകട്ടെ മായാപ്രയോഗത്തില്‍ വിദഗ്ദ്ധനായ അമ്മാവനെകണ്ട്
വിവരം പറയുകതന്നെ.’



രാവണന്‍ നിഷ്ക്രമിക്കുന്നു.

(തിരശ്ശീല)

ധന്യേ വസിക്ക പോയ് നീ നിശാന്തത്തില്‍

നിന്നോടിതൊന്നും ഞാനേകിയില്ലല്ലോ



പിന്നെയുമീവണ്ണമുരചെയ്യായ്ക വേഗാല്‍

എന്നാണ പോക നീ മാനിനിമൌലേ

പദം 5

കുറിപ്പ്: 

ലക്ഷമീദേവിക്കിരിപ്പിടമായവനെ,വീരാ,കാമസുന്ദരാ,
സീതെയെ ഇങ്ങുകൊണ്ടുവരണമെന്നു ഭവാന്‍ പറഞ്ഞതു ശരിയായില്ല.
ശക്തിയുണ്ടെങ്കില്‍ രാമനെ യുദ്ധത്തില്‍ അസ്ത്രങ്ങളാല്‍ നിഗ്രഹിക്കുക.
അല്ലാതെ, അവിടുന്ന് അവളെ കൊണ്ടുപോന്നാല്‍ അത് ഈ വംശത്തിന്റെ
നാശത്തിനുകാരണമാകും, തീര്‍ച്ച.



തണ്ടാരില്‍മാതു കുടികൊണ്ടോരു വീര

തണ്ടാര്‍ശരനു സമനായ സുകുമാര



വണ്ടാര്‍കുഴലിയാം സീതയെയിങ്ങു

കൊണ്ടുപോരുവാന്‍ നീ ഉരച്ചതു ചേര



ശക്തിയുണ്ടേങ്കില്‍ നീ രാമനെപ്പോരില്‍

ക്യത്തനാക്കീടണം പത്രികള്‍കൊണ്ടു



അല്ലാതെയവളെ നീ കൊണ്ടുപോന്നാലോ

വല്ലാതെ വംശമിതു നഷ്ടമാമല്ലൊ


പദം 4

കുറിപ്പ്: 

സുന്ദരീരത്നമായ സീതയുടെ കഥകള്‍ എന്നില്‍ കാമപീഡയുളവാക്കുന്നു.



കാമപീഡിതനായി
രാവണന്‍ പീഠത്തിലിരിക്കുന്ന ഈ സമയത്ത് ഇടത്തുഭാഗത്തുകൂടി ‘കിടതകധിംതാ‘മോടെ
മണ്ഡോദരി പ്രവേശിച്ച് രാവണനെ കണ്ട്, വന്ദിച്ചിട്ട് പദം അഭിനയിക്കുന്നു.


സുന്ദരിമണിയായ സീതതന്‍ വ്യത്തം

കന്ദര്‍പ്പബാധ ചെയ്യുന്നെനിക്കോ

പദം 3

കുറിപ്പ്: 

സോദരിയെ വികൃതയാക്കിയതിനു പകരമായി അവിടുന്ന് രാമന്റെപത്നിയെ
അപഹരിക്കുന്നത് ഉചിതംതന്നെയെന്നുതോന്നുന്നു.



അകമ്പനന്‍ വീണ്ടും കുമ്പിട്ട് നിഷ്ക്രമിക്കുന്നു. രാവണന്‍
അകമ്പനനെയാത്രയാക്കി തിരിഞ്ഞ്‌ ആത്മഗതമായി അടുത്തചരണം അഭിനയിക്കുന്നു.


സോദരിയെ വികൃതയായി ചെയ്തതിനു പകരം

സാധുമന്യേ രാമദാരഹരണം തേ

അഭ്യസനം

 
 
 
 

Custom Search