.വലതുവശം: പൊതുവെ മാന്യസ്ഥാനമായി കണക്കാക്കപ്പെടുന്ന വലതുവശം തന്നെയാണ് കഥകളി അരങ്ങത്തേയും അടിസ്ഥാനം. ദേവത്വം, ഗുരുത്വം, പ്രായം എന്നീ കഥാപാത്രപരമായ ഉന്നതിയാണ് അതിനാധാരം. അതുകൊണ്ട് ചില യുദ്ധ രംഗങ്ങളിൽ പദമാടുന്ന കഥാപാത്രം വലത്തോട്ട് മാറി ആടുകയാണ് നടപ്പ്. കഥാപാത്രങ്ങൾ സാധരണ ഇടതു വശത്തുകൂടിയാണ് അരങ്ങു പ്രവേശം നടത്തുന്നത്. മുൻപരിചിതരല്ലാത്ത കഥാപാത്രങ്ങൾ തമ്മിൽ കണ്ടുമുട്ടുമ്പോൾ മാന്യസ്ഥാനാവകാശി സ്വയം ഇടതുവശം സ്വീകരിക്കുകയും വലതുവശത്തുകൂടി പ്രവേശിച്ച കഥാപാത്രത്തിന് ഈ തിരിച്ചറിവ് ഉണ്ടാവുന്ന അവസരത്തിൽ തൽസ്ഥാനം വിട്ടുകൊടുക്കുകയും ചെയ്തു കൊണ്ട് വലതു പ്രൗഢിയെ ഒന്നുകൂടി ഉറപ്പിക്കുന്നുണ്ട്. (ഉദ: മൂന്നാം ദിവസത്തിൽ നളനും കാർക്കോടകനും, സൗഗനധികത്തിൽ ഭീമനും ഹനൂമാനും) ഈ 'വലതു പ്രതിസന്ധി'യാണ് നളചരിതം നാലാം ദിവസത്തിൽ ബാഹുകനെ രംഗത്ത് ഇരുത്തുകയും ദമയന്തിയെ പ്രവേശിപ്പിക്കുകയും ചെയ്തു കൊണ്ട് ഉചിതമായി പരിഹരിച്ചത്.
2.വലന്തല: മംഗളാവസരങ്ങളിൽ ത്യപുട വലന്തലയും ശംഖനാദവും ഒഴിവാക്കാനാവാത്തത്. വിവാഹം, ദൈവീകപ്രീതി, അശരീരി, മോക്ഷം തുടങ്ങിയവസരങ്ങൾ വലന്തലമേളത്തിന്റെ അകമ്പടി അനിവാര്യം.(ഉദാ: സുഭദ്രാഅർജുന വിവാഹം/സുഭദ്രാഹരണം, പാത്രചരിതം, ക്യഷണപ്രവേശം/കിർമ്മീരവധം, ശ്രീക്യഷ്ണകുചേല സംഗമം/കുചേലവ്യത്തം, മോക്ഷം/ പൂതനാമോക്ഷം, രാജസൂയം, നളദമയന്തി പുനസമാഗമം/നളചരിതം നാലാം ദിവസം) ഇതിൽ നിന്ന് വേറിട്ട ഒരപൂർവ്വാവസരമാണ് തോരണയുദ്ധം 'അഴകിയ'രാവണന്റെ രംഗപ്രവേശം.
3.തിരശ്ശീല: ഒരു നാടകത്തിന് കർട്ടൻ നൽകുന്ന സംഭാവനയേക്കാളും വളരെ വിപുലമാണ് കഥകളിയിൽ തിരശ്ശീല നൽകുന്നത്. 'രംഗം മറക്കൽ' തിരശ്ശീലയുടെ ഒരു ധർമ്മം മാത്രമാണ്. ഇതിന്റെ നടകീയ സാദ്ധ്യതകളെ തീരെ അവഗണിച്ചത് 'കർണശപഥം' ആട്ടക്കഥ മാത്രമാവും. ശാസ്ത്ര പുരോഗതിക്കൊപ്പം മറ്റു കലാരൂപങ്ങളിൽ പ്രകടമായ മാറ്റം സംഭവിക്കുമ്പോഴും സ്ഥല/കാലാ/അവസ്ഥകളുടെ പുനർസ്യഷ്ടിക്ക് കഥകളിൽ ഉപയോഗിക്കപ്പെടുന്നത് ലളിതമായ ഈ പരമ്പരാഗത സങ്കേതം തന്നെയെന്നത് ഏവരേയും അൽഭുതപ്പെടുത്തും.
4.കളിവിളക്ക്: താണുനിൽക്കുന്ന നടന്റെ മുഖം, കളിവിളക്കിന്റെ നാളം, കസേരയിൽ ഇരിക്കുന്ന ആസ്വാദകന്റെ മുഖം എന്നിവ ഒരു നേർവരയിൽ വരുന്നതാവണം. കളിവിളക്കിനും നടനും മദ്ധ്യ ആരും അരങ്ങു മുറിച്ചു കടക്കരുത്. അത്തരം ആവശ്യങ്ങളിൽ അരങ്ങിനു പിൻഭാഗത്തുകൂടി വേണം കടന്നു പോകാൻ.
5.കഥകളി പദങ്ങൾ: മറ്റു കീർത്തനങ്ങൾ പോലെ കഥകളി പദങ്ങൾ ഒരേ കാലത്തിൽ തന്നെ മുഴുവനായി ആലപിക്കപ്പെടണമെന്നില്ല. ദ്യശ്യകലയ്ക്കുള്ള പിന്നണി എന്ന നിലയിൽ കാലപ്രമാണവ്യതിയാനം ഭാവരസപൂർത്തീകരണത്തിന് ഉതകുംവിധം ആയിരിക്കും. കൂടാതെ ഒരേ രാഗം അതിന്റെ വ്യത്യസ്ത ആലാപനശൈലിയാൽ വ്യത്യസ്ത ഭാവരസം ആണ് പ്രകടിപ്പിയ്ക്കുന്നത് എന്നും കാണാം.