പദഭാഗങ്ങളെ തമ്മിൽ ബന്ധിക്കുവാനും പദാന്ത്യങ്ങളിലും പ്രയോഗിക്കുന്ന ന്യത്തരൂപങ്ങളാണ് കലാശങ്ങൾ. കഥാപാത്രത്തിന്റെ സ്ഥായീഭാവത്തെ കൈവിടാതെ മുഖാഭിനയപൂർണതക്ക് സഹായകകരമായി വർത്തിക്കേണ്ടവയാണ് ഒരോ കലാശങ്ങളും. ഇതിനുള്ള ഒരുത്തമ ഉദാഹരണമായി ചൂണ്ടികാണിക്കാവുന്നതാണ് കിർമ്മീരവധം കഥയിലെ ധർമ്മപുത്രരുടെ 'ബാലേ കേൾ നീ' എന്ന പദത്തിലെ പതിഞ്ഞരീതിയിലുള്ള വട്ടംവെച്ചു കലാശം. പലതരത്തിലുള്ള കലാശരൂപങ്ങൾ കഥകളിയിൽ നിലവിലുണ്ട്.
ഇടക്കലാശം: എല്ലാ താളപദങ്ങളിലും പല്ലവി,അനുപല്ലവി,ചരണങ്ങൾ എന്നിവക്ക് ശേഷം വരുന്ന സാധാരണ കലാശങ്ങളാണിവ.
വട്ടംവെച്ചുകലാശം: ഇടമട്ടിലോ മുറുകിയതോ ആയ ചെമ്പട,അടന്ത പദങ്ങളുടെ പല്ലവി, അനുപല്ലവി, ചരണങ്ങൾ എന്നിവയുടെ തുടക്കത്തിലോ അവസാനചരണാന്ത്യത്തിലോ പതിത്തപദങ്ങളിൽ പല്ലവിയ്ക്ക് ശേഷമോ വ്യത്താകാരത്തിലെടുക്കുന്ന കലാശമാണിത്.
ഇരട്ടി: അനുപല്ലവി, ചരണം എന്നിവയുടെ അവസാനത്തിലാണ് ഈ 'ഇരട്ടിക്കൽ' പതിവ്. പുരുഷ പതിഞ്ഞപദങ്ങളിൽ അവസാന ചരണാന്ത്യത്തിൽ ആറുതാളവട്ട ഇരട്ടിയും സ്ത്രീ പതിഞ്ഞപദങ്ങളിൽ കുറഞ്ഞത് രണ്ട് താളവട്ട ഇരട്ടിയും അരങ്ങത്ത് ദ്യശ്യപരമായി വിജയിക്കുന്നുണ്ട്.
അടക്കം: ഇട/മുറുകിയ കാലത്തിലുള്ള ചെമ്പട, ത്യപുട പദങ്ങളിൽ കലാശങ്ങൾക്ക് ശേഷം തുടർന്നുവരുന്ന പദഭാഗം ചൊല്ലിവട്ടംതട്ടിയാണ് ഇതിന്റെ പ്രയോഗം.
തോങ്കാരം: പദാവസാനം പല്ലവി (പല്ലവി ഇല്ലെങ്കിൽ ചരണാരംഭം) ആവർത്തിച്ചു കൊണ്ടാണ് ഇതെടുക്കുന്നത്.
മുറിക്കലാശം: മുറിയടന്തയിൽ ചരണാന്ത്യത്തിൽ എടുക്കുന്ന ദൈർഘ്യം കുറഞ്ഞ കലാശമാണിത്.
ചൊല്ലിവട്ടംതട്ടൽ(വലിയ കലാശം): ചരണാരംഭത്തിൽ ഒന്നു രണ്ടു മുദ്ര കാണിച്ച ശേഷം എടുക്കുന്ന മുറുകിയ കാലത്തിലുള്ള വട്ടംവെച്ചു കലാശമാണിത്.
നാലാമിരട്ടി: ഇതൊരു 'വിരാമ' മാണ്. സാധരണയായി കഥാപത്രം നിഷ്ക്രമിക്കുന്നതിനും ആട്ടം അവസാനിച്ച് പദം തുടങ്ങുന്നതിനു മുമ്പും നാലാമിരട്ടിയെടുത്താണ്.
അഷ്ടകലാശം: ചെമ്പതാളത്തിൽ ഇടമട്ടിലാണ് എട്ടു കലാശങ്ങളെ കോർത്തിണക്കിയ അഷ്ടകലാശം എന്ന കഥകളിയുടെ അപൂർവ്വതയായ ഈ ന്യത്തത്തിന്റെ നിർവ്വഹണം. നിശ്ച്ചയമായും അഷ്ടകലാശം എടുക്കേണ്ടത് അല്ലെങ്കിൽ എടുക്കുന്നത് കാലകേയവധത്തിൽ അർജജുനന്റെ 'സുക്യതികളിൽ മുമ്പനായ്' എന്ന ചരണാരംഭത്തിലാണ്. അൽഭുതവീര രസങ്ങളുടെ പാരമ്യപ്രകടനമെന്നനിലയിൽ കല്ല്യാണസൗഗനധികം ('ശൗര്യഗുണനീതി' /കൂട്ടക്കലാശം മാത്രം), സുഭദ്രാഹരണം('അത്രയുമതല്ലെടോ') എന്നിവയിലും പതിവുണ്ട്. തെക്കൻശൈലിയിൽ(?) കല്ല്യാണസൗഗനധികത്തിൽ ഹനൂമാനും ബാലിവിജയത്തിൽ ബാലിയും ഇതിനു മുതിരുന്നുണ്ട്.