കഥകളിയിലെ കഥാപാത്രത്തിന്റെ സംഭാഷണങ്ങളോ ആത്മഗതങ്ങളോ ആണ് പദങ്ങൾ. അതിനുപയോഗിക്കുന്ന രംഗഭാഷയാണ് മുദ്രകൾ. അഭിനയരീതിയെ (ചൊല്ലിയാട്ടം) ആ ഭാഷയുടെ വ്യാകരണമായി കണക്കാക്കാം. ഒരു മുദ്ര പ്രത്യേക നിലയിൽ തുടങ്ങി അതിന്റേതായ സഞ്ചാരപഥത്തിലൂടെ വികസിച്ച് വ്യക്തമായി അവസാനിപ്പിക്കുമ്പോൾ മാത്രമേ ആശയം പ്രകടിതമാവുന്നുള്ളൂ. കഥകളിയിലെ സംഭാഷണം കഥാപാത്രങ്ങൾ തമ്മിലാണെങ്കിൽ കൂടി ആശയസംവാദം നടത്തുന്നത് നേരിട്ട് പ്രേക്ഷകനോടാണ്. അതുകൊണ്ടാണ് കഥകളിയിൽ ധാരാളമായി ഉപയോഗിക്കപ്പെടുന്ന വിചാരപദങ്ങളായാലും മറ്റു കഥാപാത്രത്തോടുള്ള സംഭാഷണമായാലും ആസ്വാദനക്ഷമതയിൽ മാറ്റമില്ലാത്തത്. പദങ്ങളിലെ ആശയങ്ങൾ പലപ്പോഴും പരിമിതമായളവിലായിരിക്കും, പ്രത്യേകിച്ചും പതിഞ്ഞപദങ്ങളിൽ. കഥാഗതിയെ മുന്നോട്ട് നയിക്കുന്നതിന് പദങ്ങൾക്കൊപ്പം ആട്ടങ്ങളും ഉപയോഗിക്കേണ്ടിവരും.
ഹസ്തലക്ഷണ ദീപികയെ അടിസ്ഥാനപ്പെടുത്തിയ 24 മൂലമുദ്രകളാണ് കഥകളിയിൽ പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. എന്നാൽ പല മുദ്രകളുടേയും പ്രയോഗ സമ്പ്രദായത്തിൽ മാറ്റങ്ങൾ കാണപ്പെടുന്നുണ്ട്. കൂടാതെ നാട്യശാസ്ത്രം പോലുള്ള മറ്റു ശാസ്ത്രപ്രകാരമുള്ള 24 മുദ്രകളും കാലാകലങ്ങളായി പ്രയോഗിയ്ക്കുന്നുമുണ്ട്. വ്യത്യസ്ത ശാസ്ത്രവിഭാഗങ്ങളിൽ ഏകനാമത്തിലുള്ള മുദ്രകൾ ഉണ്ടെങ്കിലും, അവ രൂപത്തിൽ വ്യത്യസ്തങ്ങളാണ്. ഒരു കഥകളി ആസ്വാദകൻ തന്റെ അരങ്ങുപരിചയത്താൽ നടൻ കാണിക്കുന്നത് സന്ദർഭത്തിനനുസരിച്ച് മനസ്സിലാക്കുകയാണ് കരണീയമായിട്ടുള്ളത്. മുതിർന്ന കലാകാരൻമാരടക്കം പലരും മുദ്രകൾ ചുരുക്കി കാണിക്കുന്നതും വിഷയത്തെ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്.
