കഥകളിയുടെ ഉൽപ്പത്തിയെക്കുറിച്ചുള്ള വിവിധ ചരിത്രകാരൻമാരുടെ കണ്ടെത്തലുകൾ ലഭ്യമാണ്. ഒരാസ്വദകനെ അത് വലിയളവിൽ ബാധിയ്ക്കാത്തതിനാൽ കൂടുതൽ വ്യകുലപ്പെടേണ്ടെന്നു തോന്നുന്നു. ക്യഷ്ണനാട്ടത്തിൽ നിന്ന് കൊട്ടാരക്കര തമ്പുരാന്റെ രാമനാട്ടവും പിന്നീടത് ക്യത്യമായ ചിട്ടപ്പെടുത്തലിലൂടെ പുഷ്ടിപ്പെട്ട് ഇന്ന് നാം കാണുന്നതരത്തിലുള്ള കഥകളിയിൽ എത്തിനൽക്കുന്നു എന്ന സാമാന്യം
ലളിതവും വിശ്വസനീയവുമായ നിഗമനത്തിൽ നമുക്കൂം ചേരാം. സമ്പ്രദായവ്യത്യാസങ്ങളുടെ അടിസ്ഥാനമായ വെട്ടത്ത്(വെട്ടത്ത് രാജാവ്: വാചികാഭിനയം നിർത്തലാക്കി, പുറപ്പാടും തിരനോക്കും നടപ്പിൽ വരുത്തി, ചെണ്ടയുടെ കൂട്ട്), കല്ലടിക്കോടൻ(ചാത്തുപണിക്കരാശാൻ: കോട്ടയം കഥകളുടെ ശിക്ഷണം, നാട്യ/മുഖാഭിനയത്തിനും മെയ്‌വഴക്കത്തിനും കൂടുതൽ ശ്രദ്ധ), കപ്ലിങ്ങാടൻ(കപ്ലിങ്ങാട്ടു നമ്പൂതിരി:ആഹാര്യത്തിനും ഭാവാഭിനയത്തിനും
കൂടുതൽ ശ്രദ്ധ, താഴ്‌ന്ന് നിന്നുള്ള അഭിനയ രീതി, കയ്യിനും മെയ്യിനുമൊപ്പം കണ്ണുകൾക്കും സ്ഥാനം, തന്റേടാട്ടം), കല്ലുവഴി(കുന്നത്തൂർ ശങ്കുപണിക്കരും ശിഷ്യരായ നല്ലൂര് ഉണ്ണീരിമേനോനും കുയിൽതൊടി ഇട്ടിരാരിശശമേനോനും:
ഒളപ്പമണ്ണ മനയുടെ തണലിൽ കല്ലടിക്കോടനും കപ്ലിങ്ങാടനും സമന്വയിപ്പിച്ചത്. ചൊല്ലിയാട്ടത്തിലെ കൂറടക്കം, കലാശങ്ങളും മറ്റും ഒതുക്കി ഒരു 'പറവട്ട'ത്തിൽ, സർവ്വാഗാഭിനയം, പാത്രസ്ഥായീ നില എന്ന പുതു സങ്കേതം) തുടങ്ങിയ പേരുകൾ കേൾക്കുമ്പോൾ നമുക്ക് അദൃശ്യരായ ആ കഥകളി പരിഷ്കർത്താക്കളെ മനസാ നമിയ്ക്കാം. ഇവരോടൊപ്പം ഓർക്കേണ്ട പേരാണ് കോട്ടയം തമ്പുരാൻ എന്നറിയപ്പെടുന്ന കഥകളിയുടെ മർമ്മമറിഞ്ഞ (പദാർത്ഥാഭിനയത്തിന് കണക്കൊത്ത പദങ്ങളും ശാസ്ത്രീയ ചിട്ടയും) 'കോട്ടം' തീർന്ന നാലു ആട്ടക്കഥകളുടെ കർത്താവായ പഴശ്ശി കേരളവർമ്മയുടേത്. ഇന്ന് അരങ്ങത്ത് ആടുന്ന(?) വടക്കൻശൈലിയും തെക്കൻശൈലിയും യഥാക്രമം കല്ലുവഴിയും
കപ്ലിങ്ങാടനും അടിസ്ഥാനപ്പെടുത്തി ആണെങ്കിലും ആദ്യവസാനവേഷക്കാരൻ മുതൽതിരശ്ശീലക്കാരൻ വരെയുള്ള പ്രയോക്താക്കളുടെ രണ്ട് ശീലങ്ങളായാൺ് ആസ്വാദകന് പലപ്പോഴും അനുഭവപ്പെടുന്നത്. ആ 'ശീലം' (ദുശ്ശീലമോ) കിരീടമടക്കമുള്ള വേഷഭൂഷാദികളിലും മൊത്തം അരങ്ങു സമീപനങ്ങളിലും അരങ്ങത്തും ദർശിക്കാം.
