ഗുരു കേളു നായർ

Guru Kelu Nair

കലാകാരന്മാരുടെ ജന്മം കൊണ്ടും സാന്നിധ്യം കൊണ്ടും ശ്രദ്ധേയം ആയ കിള്ളിക്കുറിശ്ശി മംഗലത്ത്‌ 1918 ജൂൺ 9 നു മങ്കിളി കുഞ്ചിക്കുട്ടി അമ്മയുടെയും പരിയാരത്ത്‌ കിട്ടുണ്ണി നായരുടെയും മകനായി ജനനം. പിതാവിന്റെ ആഗ്രഹ പ്രകാരം കഥകളിലോകത്ത്‌ എത്തി. പ്രസിദ്ധ കഥകളി ആചാര്യൻ കോപ്പാട്ട്‌ അപ്പുണ്ണി പോതുവാളുടെ കിള്ളിക്കുറിശ്ശിമംഗലത്തെ കളരിയിൽ കുട്ടിക്കാലം മുതൽ തന്റെ കഥകളി അഭ്യസനം തുടങ്ങി. ഇത്‌ കൂടാതെ ലക്കിടിയിലെ തന്നെ വേങ്ങേരി നമ്പൂതിരിയിൽ നിന്നും, കൊച്ചമ്പിള്ളി മഠത്തിൽ വച്ചു മാണി മാധവ ചാക്യാരിൽ നിന്നും കഥകളി, മുദ്ര, അഭിനയം എന്നിവയും പഠിക്കുവാൻ തുടങ്ങി. തന്റെ മകനെ ഒരു വലിയ കലാകാരൻ ആക്കണം എന്ന ദൃഢനിശ്ചയം ആണ്‌ പിതാവ്‌ മകനെ ഈ എല്ലാ ഗുരുക്കന്മാരുടെ അടുത്തേക്ക്‌ കൊണ്ടു പോകാൻ ഉള്ള കാരണം. ഏതാനും വർഷങ്ങൾക്കു ശേഷം മുകുന്ദ രാജാവിന്റെയും മഹാകവി വള്ളത്തോളിന്റെയും മറ്റും ശ്രമഫലമായി കേരളകലാമണ്ഡലം തുടങ്ങിയ സമയത്ത്‌, അവിടേക്ക്‌ കഥകളി പഠിക്കാൻ താൽപ്പര്യമുള്ള വിദ്യാർഥികളെ ചേർക്കാൻ ആയി ഗുരു കുഞ്ചുക്കുറുപ്പ്‌, കോപ്പാട്ട്‌ ആശാനെ സമീപിച്ചു. തന്റെ കളരിയിൽ നിന്നും കേളു നായരെയും ശിവശങ്കരനെയും കലാമണ്ഡലത്തിലേക്ക്‌ പറഞ്ഞയക്കുവാൻ അപ്പുണ്ണി പൊതുവാൾ സമ്മതിക്കുകയും ചെയ്തു.

അങ്ങിനെ കലാമണ്ഡലത്തിലെ ആദ്യ ബാച്ച്‌ വിദ്യാർഥി ആയി കേളു നായർ; കൂടെ സഹപാഠികൾ ആയി ശിവശങ്കരൻ, ആനന്ദ ശിവറാം, വെട്ടിപ്പറ ശങ്കരൻ, മാധവൻ, നമ്പീശൻ എന്നിവരും ഉണ്ടായിരുന്നു. കഥകളിയുടെ അക്കാലത്തെ പരമാചാര്യൻമാർ ആയിരുന്ന ഗുരു കുഞ്ചുക്കുറുപ്പ്‌, '“ആശാരി' കോപ്പൻ നായർ, ആചാര്യൻ പട്ടിക്കാംതൊടി രാവുണ്ണി മേനോൻ, ഗുരു കവളപ്പാറ നാരായണൻ നായർ എന്നിവരിൽ നിന്ന്‌ വളരെ ചിട്ടയായി കഥകളി അഭ്യസിച്ചു. കലാമണ്ഡലത്തിലെ തന്നെ ആചാര്യൻ ആയിരുന്ന നാട്യാചാര്യൻ മാണി മാധവ ചാക്യാരിൽ നിന്നും രസാഭിനയം, നേത്രാഭിനയം എന്നിവയിൽ ഉപരി പഠനവും നടത്തി. അതിപ്രഗൽഭരായ ആശാൻമാരുടെ അടുത്തുള്ള അഭ്യസനവും വേഷത്തിന്‌ പറ്റിയ മുഖവും, ശരീരസൌന്ദര്യവും ഇദ്ദേഹത്തിനു തുണ ആയി. അങ്ങിനെ കുറച്ചു കൊല്ലം കൊണ്ടു കഥകളിയിലെ ആദ്യാവസാന വേഷക്കാരൻ ആയി മാറി കേളു നായർ. കീചകൻ, ദുര്യോധന വധത്തിലെ ഭീമൻ, പൂതനാമോക്ഷത്തിലെ പൂതന തുടങ്ങിയ വേഷങ്ങളിൽ ഇദ്ദേഹം ശോഭിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെയും, ജൂനിയർ ആയ കൃഷ്ണൻ നായർ ആശാന്റെയും പൂതന മാറി മാറി അക്കാലത്ത്‌ ഉണ്ടാകാറുണ്ടായിരുന്നു. അതിൽ കേളു നായരുടെ പൂതന വള്ളത്തോളിനും കൃഷ്ണൻ നായരുടെതു മുകുന്ദരാജാവിനും ആണ്‌ കൂടുതൽ ഇഷ്ടമായിരുന്നത്‌ എന്ന് പഴമക്കാർ പറഞ്ഞിട്ടുണ്ട്‌. വള്ളത്തോളിന്റെ "ഔഷധാഹരണ"ത്തിലെ ഹനൂമാന്റെ വേഷവും ഇദ്ദേഹത്തിനു പ്രശംസ നേടിക്കൊടുത്തു.

1937ൽ ഗുരുദേവ്‌ രവീന്ദ്രനാഥ ടാഗോറിന്റെ ആവശ്യപ്രകാരം വള്ളത്തോൾ മനസ്സില്ലാ മനസ്സോടെ ഈ യുവനടനെ ടാഗോർ സ്ഥാപിച്ച ശാന്തിനികേതനിൽ അദ്ധ്യാപകൻ ആവാൻ ബംഗാളിലേക്ക്‌ പറഞ്ഞയച്ചു. ഗുരുനാഥൻ പട്ടിക്കാംതൊടി ആശാന്‌ ഈ നീക്കം തീരെ സമ്മതം ആയിരുന്നില്ല, ചിട്ടയോടെ പഠിച്ച ഈ ശിഷ്യനെ കഥകളിലോകം ചിലപ്പോൾ ഇനി കണ്ടെക്കില്ല എന്ന്‌ അദ്ദേഹത്തിനു തോന്നിയിരുന്നു. എന്നാൽ പിന്നീട്‌ കഥകളിയും അഭിനയത്തിന്റെ വശ്യതയും നൃത്ത ഭാഗങ്ങളും ഭാരതത്തിലും വിദേശങ്ങളിലും പ്രദർശിപ്പിച്ചു ഇദ്ദേഹം കലാമണ്ഡലത്തിന്റെയും കഥകളിയുടെയും ഖ്യാതി ഉയർത്തുന്നത്‌ ആണ്‌ കലാലോകം കണ്ടത്‌. ബംഗാളിൽ ചെന്നതിനുശേഷം കേളു നായർ വിശ്വഭാരതിയിൽ അദ്ധ്യാപകൻ ആയി പ്രവേശിച്ചു, കഥകളി മുദ്രകൾ, നൃത്തഭാഗങ്ങൾ, അഭിനയം തുടങ്ങിയവ പഠിപ്പിക്കുവാനും തുടങ്ങി. പ്രസിദ്ധ നർത്തകി ആയ മൃണാളിനി സാരാഭായി, ടാഗോറിന്റെ പേരക്കുട്ടി കൃപാലിനി നന്ദലാൽ തുടങ്ങിയവർ ആയിരുന്നു ആദ്യ ശിഷ്യകൾ. ഗുരുദേവ്‌ രവീന്ദ്രനാഥ ടാഗോർ ആയി വളരെ അടുത്ത ബന്ധം പുലർത്തുകയും അദ്ദേഹത്തിന്റെ മമതക്ക്‌ പാത്രീഭൂതനാവുകയും ചെയ്തു കേളു നായർ. ശാന്തിനികേതനിലെ അഭ്യസനത്തിനു പുറമേ ടാഗോർ രചിച്ച പല കൃതികളുടെയും - കാൾമൃഗയ, ശ്യാമ തുടങ്ങി - രംഗാവിഷ്കരണത്തിന്റെ ചുമതലയും ഇദ്ദേഹത്തിനു ആയിരുന്നു. ഇതിലൂടെ ബംഗാളികളുടെ ഇടയിൽ അദ്ദേഹത്തിനുള്ള പ്രശസ്തി വർദ്ധിച്ചു.

കേളു നായർക്ക്‌ മഹാത്മാ ഗാന്ധി തുടങ്ങി പ്രസിദ്ധൻമാരുടെ മുൻപിൽ തന്റെ പ്രതിഭ അവതരിപ്പിക്കുവാനും പ്രശംസ പിടിച്ചു പറ്റുവാനും സാധിച്ചിട്ടുണ്ട്‌. വള്ളത്തോളിന്റെ നിർദേശപ്രകാരം, വളരെക്കാലം തന്നെ താൻ ആക്കിയ മാതൃസ്ഥാപനത്തിന്റെ - കലാമണ്ഡലത്തിന്റെ വിവിധ ആവശ്യങ്ങൾക്ക്‌ ആയി തന്റെ വേതനത്തിൽ നിന്നും, ധനസമാഹരണം നടത്തിയും സന്തോഷപൂർവ്വ്വം തന്നാൽ ആകുന്ന സാമ്പത്തിക സഹായം ചെയ്തിരുന്നു കേളു നായർ. ടാഗോറിന്റെ മരണശേഷം ആചാര്യന്റെ വിയോഗത്തിൽ മനോവിഷമം മൂലം ശാന്തിനികേതൻ വിട്ടു. സുപ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകൻ ബിമൽ റായ്‌ ആയിടക്കാണ്‌ തന്റെ പുതിയ ചിത്രത്തിൽ ടാഗോറിന്റെ ഒരു കൃതിക്കുള്ള നൃത്താവിഷ്കരണത്തിനായി ഗുരു കേളുനായരെ സമീപിച്ചത്‌. ഈ ബംഗാളി ചലച്ചിത്രം "ഉദയർ പഥേ" (Udayer Pathey, 1944) വളരെയേറെ പ്രസിദ്ധം ആയി.പല ചലച്ചിത്രത്തിനും നൃത്താവിഷ്ക്കരണം നടത്തിയിട്ടുണ്ട്‌.

ഒരു ഇടവേളക്കു ദേഹ്രാഡൂൺ, അൽമോരയിലെ ഉദയശങ്കറിന്റെ ട്രൂപ്പ്‌ , കറാച്ചി തുടങ്ങിയ സ്ഥലങ്ങളിൽ പഠിപ്പിച്ചതിനു ശേഷം ഗുരു കേളു നായർ വീണ്ടും ശാന്തിനികേതനിൽ മടങ്ങിയെത്തി, കഥകളി-നൃത്ത അദ്ധ്യാപകൻ ആയി ദീർഘകാലം - 1980 വരെ അവിടെ തുടർന്നു. ഇതിനിടയിൽ പല പാശ്ചാത്യ-പൗരസ്ത്യ രാജ്യങ്ങളിലും തന്റെ കല അവതരിപ്പിച്ചിട്ടുണ്ട്‌ ഗുരു കേളു നായർ. ഭാരത സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ ഏകാംഗ സാംസ്കാരിക പ്രതിനിധി (one man cultural delegation) ആയി 1969ൽ യുഗോസ്ലോവിയ, ചെക്കോസ്ലോവാക്കിയ, പോളണ്ട്‌ തുടങ്ങിയ രാജ്യങ്ങളിൽ പോയി കഥകളിയെ പറ്റി ചർച്ചകൾ സോദാഹരണ പ്രഭാഷണങ്ങൾ എന്നിവയും നടത്തി പ്രശംസ പിടിച്ചു പറ്റി. കഥകളി-നൃത്യ രംഗങ്ങളിൽ ഭാരതത്തിനു അകത്തും പുറത്തും ആയി അനേകം ശിഷ്യന്മാർ ഉണ്ട്‌ ഇദ്ദേഹത്തിനു. കഥകളിക്കുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ്‌ ലഭിച്ചിട്ടുണ്ട്‌.

ഭാര്യ: പങ്കുരായിരത്ത്‌ ലക്ഷിക്കുട്ടി അമ്മ
മക്കൾ: ഡോ. പത്മിനി, ഗോപിനാഥൻ, രാമചന്ദ്രൻ, ഗൌരി, നാരായണൻകുട്ടി

1980ൽ ശാരീരികാസ്വാസ്ഥ്യം മൂലം വിശ്വഭാരതിയിൽ നിന്നും രാജി വച്ചു ജന്മനാട്ടിൽ വന്നു ചികിത്സ നടത്തി വിശ്രമജീവിതം നയിക്കാൻ തീരുമാനിച്ചു. ക്ഷീണിതൻ എങ്കിലും തന്റെ നാട്ടിൽ ഒരിക്കൽ കൂടി വേഷം അവതരിപ്പിക്കണം എന്നാ അവസാന ആഗ്രഹവും അദ്ദേഹം നിറവേറ്റി. കിള്ളിക്കുറിശ്ശി മംഗലത്ത്‌ മേയ്‌ 5 , 1983ൽ 'കുഞ്ചൻ ദിന' ത്തിനു ഗതകാല സ്മരണകളെ മുൻനിർത്തി കൊണ്ടു പൂതനാമോക്ഷത്തിലെ 'പൂതന' ആയി അദ്ദേഹം തന്റെ അവസാനവേഷം ആടി. 1995 ആഗസ്റ്റ്‌ 29 നു ഗുരു കേളു നായർ ഇഹലോകവാസം വെടിഞ്ഞു.

പൂർണ്ണ നാമം: 
മങ്കിളി കേളു നായർ
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Sunday, June 9, 1918
മരണ തീയ്യതി: 
Tuesday, August 29, 1995
ഗുരു: 
കോപ്പാട്ട്‌ അപ്പുണ്ണി പോതുവാൾ
കുഞ്ചുക്കുറുപ്പ്‌
കോപ്പൻ നായർ
പട്ടിക്കാംതൊടി രാവുണ്ണി മേനോൻ
കവളപ്പാറ നാരായണൻ നായർ
മാണി മാധവ ചാക്യാർ
കളിയോഗം: 
ഗുരു കോപ്പാട്ട്‌ അപ്പുണ്ണി പോതുവാളുടെ കളരി
കലാമണ്ഡലം
വിശ്വഭാരതി
മുഖ്യവേഷങ്ങൾ: 
പച്ച
കത്തി
മിനുക്ക്‌
പുരസ്കാരങ്ങൾ: 
കേരള സംഗീത നാടക അക്കാദമി അവാർഡ്‌