സമ്പാദനം മണി,വാതുക്കോടം.
താതനിര്‍ദ്ദേശാനുസ്സരണം വാരണാവതത്തിലെത്തിയ പാണ്ഡവരെ മന്ത്രിപുരോചനന്‍
സ്വീകരിക്കുന്നതാണ് രണ്ടാം രംഗം. മൂന്നാം രംഗത്തില്‍ വിദുരര്‍ അയച്ച ഒരു
ഖനകന്‍(ആശാരി) പാണ്ഡവസമീപമെത്തി ദുരോധനന്റെ ഗൂഢോദ്ദേശത്തെ പറ്റി അവരെ ധരിപ്പിക്കുന്നു. വിദുരര്‍ പറഞ്ഞയച്ചതാണ് തന്നെയെന്നും,
നിങ്ങള്‍ക്ക് രക്ഷപ്പെടുവാന്‍ ഞാന്‍ ഒരു രഹസ്യഗഹ്വരം നിര്‍മ്മിച്ചുനല്‍കാം
എന്നും ആശാരി അറിയിക്കുന്നു. തുടര്‍ന്ന് ആശാരി ഗുഹനിര്‍മ്മിച്ച്
പാണ്ഡവരുടേ സമ്മാനങ്ങളും വാങ്ങി പോകുന്നു.
ഇതിനുശേഷം, അനേകം ചതികള്‍ ചെയ്ത ദുര്യോധനനാദികളെ ഉടന്‍ നശിപ്പിക്കണമെന്ന് ഭീമന്‍ ധര്‍മ്മപുത്രരോട് അപേക്ഷിക്കുന്നു. ആലോചനകൂടാതെ സാഹസം പ്രവര്‍ത്തിക്കരുതെന്ന് ഉപദേശിച്ച് ധര്‍മ്മപുത്രര്‍ ഭീമനെ ശാന്തനാക്കുന്നു.
അരക്കില്ലത്തിനു തീവെച്ച് അവിടെനിന്നും രക്ഷപ്പെട്ട് ഹിഡിംബവനത്തിലെത്തിയ പാണ്ഡവരേയും കുന്തിയേയുമാണ് നാലാംരംഗത്തില്‍ നാം കാണുന്നത്. ക്ഷീണിതരായ
മറ്റുള്ളവര്‍ക്കുവേണ്ടി ജലം ശേഖരിക്കാന്‍ ഭീമന്‍ പോകുന്നു. അഞ്ചാംരംഗത്തില്‍ ജലവുമായി മടങ്ങിയെത്തിയ ഭീമസേനന്‍ എല്ലാവരും തളര്‍ന്നുറങ്ങുന്നതു കണ്ട് അവര്‍ ഉണരുന്നതിനായി കാത്തിരിക്കുന്നു. ഈ സമയം തന്റെ കാട്ടില്‍ മനുഷ്യഗന്ധം അറിഞ്ഞ ഹിഡിംബന്‍ അതന്വേഷിക്കുവാനായി സോദരിയായ ഹിഡുംമ്പിയെ നിയോഗിക്കുന്നു. ഇപ്രകാരം പാണ്ഡവസമീപമെത്തിയ ഹിഡുംമ്പി തേജസ്വിയായ ഭീമസേനനെ കണ്ട് അവനില്‍ അനുരക്തയായിതീരുന്നു. ഇതാണ് ആറാംരംഗം.
സുന്ദരീരൂപം(ലളിത) ധരിച്ച് ഹിഡിംബി ഭീമസമക്ഷമെത്തി തന്റെ
ഇംഗിതമറിയിക്കുന്നു. ജേഷ്ടന്‍ ഇതുവരേ വിവാഹംകഴിക്കാതെയിരിക്കുമ്പോള്‍ താന്‍
വിവാഹം ചെയ്യുന്നത് ഉചിതമല്ലെന്ന് പറഞ്ഞ് ഭീമന്‍ അവളെ നിരാകരിക്കുന്നു.
എന്നാല്‍ ലളിത വീണ്ടും വീണ്ടും പ്രേമാഭ്യർത്ഥന നടത്തുന്നു. ഇതുകണ്ട്
അവിടേക്കെത്തുന്ന ഹിഡിംബന്‍ മനുഷ്യനെകാമിച്ച സഹോദരിയെ നിന്ദിച്ച്
ഭീമനെ പോരിന് വിളിക്കുന്നു. തുടര്‍ന്നുനടക്കുന്ന യുദ്ധത്തില്‍ ഭീമന്‍
ഹിഡിംബനെ വധിക്കുന്നു. ഇതോടെ ഏഴാംരംഗവും ആട്ടക്കഥയുടെ പൂര്‍വ്വഭാഗവും
അവസാനിക്കുന്നു.
വ്യാസന്‍ പ്രത്യക്ഷപ്പെട്ട് ഹിഡിംബിയെ സ്വീകരിക്കണമെന്നും,
ഒരു പുത്രനുണ്ടാവോളം ഇവളോടൊപ്പം കഴിയണമെന്നും നിര്‍ദ്ദേശിക്കുന്ന
എട്ടാംരംഗത്തോടെയാണ് കഥയുടെ രണ്ടാംഭാഗം ആരംഭിക്കുന്നത്. അതനുസരിച്ച്
ഭീമന്‍ ഹിഡിംബിയെ പാണിഗ്രഹണം ചെയ്യുന്നു. ഭീമനും ഹിഡിംബിയുമായുള്ള
ശൃംഗാരപദങ്ങളാണ് തുടര്‍ന്നുള്ള രംഗം. ഇവർക്ക് ജനിച്ച
പുത്രനാണ് ഘടോത്കചന്‍. പെട്ടെന്ന് യൌവനപൂർത്തിയെത്തിയ ഘടോത്കചൻ ഭീമനോട് അനുവാദംവാങ്ങി അമ്മയുമൊത്ത് പോകുന്നഭാഗമാണ്
പത്താംരംഗം. ഏകചക്രയെന്ന ദേശത്ത് ഒരു ബ്രാഹ്മണഗേഹത്തില്‍ ഗ്യഹനാഥനായ
ബ്രാഹ്മണനും പത്നിയും പുത്രനും ദീനരായി കരയുന്നതാണ് പതിനൊന്നാം രംഗത്തില്‍
നാം കാണുന്നത്. ആ ഗ്രാമത്തിലെ ബ്രാഹ്മണരെ കൊന്നൊടുക്കുന്ന ഭീകരനായ
ബകരാക്ഷസന് മുൻ നിശ്ചയപ്രകാരം ഭക്ഷണമെത്തിക്കേണ്ട ഊഴം ഈ ദിവസം
ഭക്ഷണമെത്തിക്കേണ്ടത് ഈ ഗ്യഹത്തില്‍നിന്നുമാണ്. എന്നു മാത്രമല്ല ഇവിടെ
നിന്നും ഒരംഗംകൂടി ബകന് ഭക്ഷണമായിതീരണ്ടതുണ്ട്. ആസന്നമായ ഈ ദുരവസ്ഥയെ
ഓര്‍ത്താണിവര്‍ വിലപിക്കുന്നത്. ഈ സമയത്ത് പാണ്ഡവര്‍ ബ്രാഹ്മണവേഷധാരികളായി ഏകചക്രയില്‍ വസിക്കുന്നുണ്ടായിരുന്നു. മേല്‍പ്പറഞ്ഞ് ബ്രാഹ്മണഗേഹത്തിലെ രോദനം കേട്ട് കുന്തി അവിടെയെത്തി വിവരം അന്വേഷിക്കുന്നുതാണ് പന്ത്രണ്ടാംരംഗം. പതിമൂന്നാംരംഗത്തില്‍ ബകനു ഭക്ഷണവുമായിപോകുവാന്‍ കുന്തീദേവി ഭീമനെ നിയോഗിക്കുന്നു. ഭീമന്‍ ബ്രാഹ്മണരുടെ പക്കല്‍നിന്നും ഭക്ഷണസാധനങ്ങള്‍ നിറച്ച ശകടവും വാങ്ങിപോകുന്ന ഭാഗമാണ് പതിനാലാം രംഗം. ഭീമസേനന്‍ ശകടത്തോടുകുടി കാട്ടിലെത്തി ബകനെ പോരിനുവിളിക്കുന്നതാണ് രംഗമ്ം പതിനഞ്ചില്‍ ഉള്ളത്. പതിനാറാം രംഗത്തില്‍ വിളികേട്ട് ബകന്‍ എത്തുന്നതും, ബക-ഭീമയുദ്ധവും ബകവധവും ഉള്‍ക്കൊള്ളുന്നു. ബകരാക്ഷസനെ
നശിപ്പിച്ച് എന്നെന്നേക്കുമായി തങ്ങളെ ആപത്തില്‍ നിന്നും രക്ഷിച്ച
ഭീമസേനനെ ബ്രാഹ്മണരെത്തി സ്തുതിക്കുന്നു. ഇതോടെ ബകവധം സമ്പൂര്‍ണ്ണമാവുന്നു.
ഈ ആട്ടക്കഥയുടെ
അവതരണത്തിലെ പ്രധാന പ്രത്യേകത:
തികച്ചും കളരിസമ്പ്രദായമനുസ്സരിച്ച് രംഗത്ത് അവതരിപ്പിക്കേണ്ട ഒരു കഥയാണ്
ബകവധം. വിശിഷ്യ ലളിത ഭീമനെസമീപിക്കുന്ന ‘മാരസദൃശ’ എന്ന പദം മുതല്‍
ഘടോല്‍ക്കചന്റെ രംഗംവരേയുള്ള ഭാഗങ്ങള്‍ ചൊല്ലിയാട്ട പ്രധാനങ്ങളാണ്.
രാഗാലാപനത്തോടെ ആരംഭിക്കുന്ന സാരി, ‘മാരസദൃശ’യുടെ തുടക്കത്തിലുള്ള
നോക്കിക്കാണല്‍, ഇതിലെ പതിഞ്ഞ ഇരട്ടികള്‍, ഭീമന്‍ വ്യാസനെ വണങ്ങുന്ന
‘താപസകുലതിലക’ പദത്തിലെ നാലു ഇരട്ടികള്‍. ‘ബാലേവരിക’ എന്ന
പതിഞ്ഞപദത്തിന്റെ അവതരണം,’ ചെന്താര്‍ബാണ’യുടെ ഇരട്ടിയുടെ അന്ത്യത്തില്‍
ഭീമന്‍ ഹിഡിംബിയെ ആലിംഗനം ചെയ്തുള്ള നൃത്തത്തോടുക്കൂടിയുള്ള നിഷ്ക്രമണം.
ഘടോല്‍ക്കചന്റെ എടുത്തുകലാശത്തോടെയുള്ള പ്രവേശം, നിര്‍ഗ്ഗമനത്തിലുള്ള
നാലിരട്ടികലാശം എന്നീ പ്രത്യേകതകള്‍ കളരിച്ചിട്ടയുടെ സൌന്ദര്യം തികഞ്ഞ
അവതരണ സങ്കേതങ്ങളാണ്. നാട്യധര്‍മ്മി വിടാതെ ലോകധര്‍മ്മി കലര്‍ത്തിയുള്ള
സവിശേഷതയുള്ള അവതരണമാണ് ആശാരിക്കുള്ളത്. ആശാരിയുടെ
പദത്തിന്റെ ഇടക്കലാശങ്ങളും പ്രത്യേകതകളുള്ളതാണ്. ബകവധത്തിലെ ആദ്യ
രണ്ടുരംഗങ്ങളും ഇപ്പോള്‍ സാധാരണ നടപ്പില്ലാത്തവയാണ്.
