Select Your Language

 
 

Navigation

 
 

ആട്ടക്കഥകൾ

 
 

Syndicate

 
Syndicate content
 

ബാലിവധം

balivadham

കഥകളിയുടെ പൂര്‍വ്വരൂപമായ രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് ശ്രീമാന്‍
കൊട്ടാരക്കര തമ്പുരാന്‍ രാമായണംകഥ എട്ട് ആട്ടക്കഥകളായി രചിച്ചതില്‍
അഞ്ചാമത്തെതായിട്ടുള്ള ആട്ടകഥയാണ് ബാലിവധം.രാമായണത്തിലെ ഖരവധാനന്തരമുള്ള
ആരണ്യകാണ്ഡകഥയും ബാലിവധം വരേയുള്ള കിഷ്കിന്ധാകാണ്ഡകഥയുമാണ് ഇതിന്റെ
ഇതിവൃത്തം.



കഥാസംഗ്രഹം



സോദരിയായ ശൂര്‍പ്പണഘയെ ലക്ഷ്മണന്‍ വിരൂപയാക്കിയ വിവരം അകമ്പനന്‍ എന്ന
രാക്ഷസന്‍ വന്ന് രാവണനെ അറിയിക്കുന്ന രംഗത്തോടെ കഥ ആരംഭിക്കുന്നു.
ഖരദൂഷണത്രിശിരാക്കളേയും സൈന്യത്തേയും രാമന്‍ വധിച്ച വാര്‍ത്തയും,
രാമന്റേയും സുന്ദരീമണിയായ സീതയുടേയും വൃത്താന്തങ്ങളും അകമ്പനന്‍ രാവണനെ
ധരിപ്പിക്കുന്നു. ഇവകള്‍കേട്ട രാവണന്‍ സീതയെ താന്‍ അപഹരിച്ച് രാമനോട് പകരം
വീട്ടുമെന്ന് പറയുന്നു.ക്രമേണ സീതയുടെ സൌന്ദര്യത്തെചിന്തിച്ച് മാരപീഡിതനായ
രാവണനെ പത്നിയായ മണ്ഡോദരി ഉപദേശിക്കുന്നു. എന്നാല്‍ രാവണന്‍ പത്നിയെ
അനുനയത്തില്‍ അന്ത:പുരത്തിലേക്ക് മടക്കുന്നു. രണ്ടാം രംഗത്തില്‍ രാവണന്‍
സീതാപഹരണത്തിന് സഹായംതേടി മാതുലനും മഹാമായാവിയുമായ മാരീചനെ
ചെന്നുകാണുന്നു. ആദ്യം മടിക്കുന്ന മാരീചനെ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ച്
രാവണന്‍ കൂടെ കൊണ്ടുപോകുന്നു. രാവണ നിര്‍ദ്ദേശമനുസ്സരിച്ച് മാരീചന്‍
മായാവിദ്യയാല്‍ ഒരു പൊന്‍‌മാനിന്റെ രൂപം ധരിച്ച് സീതയില്‍
മോഹമുണര്‍ത്തുന്നു. മൂന്നാംരംഗത്തില്‍ ശ്രീരാമന്‍ സീതയുടെ ആഗ്രഹപ്രകാരം,
സീതയുടെ സംരക്ഷണം ലക്ഷ്മണനെ ഏല്‍പ്പിച്ച് പൊന്‍‌മാനിനെ പിടിക്കുവാന്‍
പോകുന്നു. മാനിന്റെ പിന്നാലെ വളരെദൂരം സഞ്ചരിച്ച രാമന്‍ ഒടുവില്‍ അത്
രാക്ഷസമായയാണെന്ന് മനസ്സിലാക്കി, ബാ‍ണത്താല്‍ മാരീചനെ നിഗ്രഹിക്കുന്നു.
രാമശരമേറ്റ മാരീചന്‍ ഉടനെ ശ്രീരാമന്റെ ശബ്ദം അനുകരിച്ച് ദീനാലാപം നടത്തി.
ഈ മായാവിലാപം കേട്ട്, രാമന് ആപത്തുപിണഞ്ഞുവെന്നു നിനച്ച സീത, ചെന്നു
രക്ഷിക്കുവാന്‍ ലക്ഷ്മണനോട് ആവശ്യപ്പെടുന്നതാണ് നാലാംരംഗം. ഇതു
സത്യമല്ല,രാക്ഷസമായയാണെന്ന് പറഞ്ഞ് പോകുവാന്‍ വിസമ്മതിച്ച ലക്ഷ്മണനോട് സീത
പരുഷമായ വാക്കുകള്‍ പറയുന്നു. ഇതുകേട്ട് ക്രുദ്ധനായ ലക്ഷ്മണന്‍
രാമസമീപത്തേക്ക് പുറപ്പെടുന്നു. ഈ തക്കത്തിന് സന്യാസിവേഷം ധരിച്ച് വന്ന്
രാവണന്‍ സീതയെ അപഹരിച്ചുകൊണ്ടുപോകുന്നു അഞ്ചാംരംഗത്തില്‍. വഴിക്കുതടഞ്ഞ
ജടായുവെന്ന പക്ഷിശ്രഷ്ഠന്റെ ചിറകുകള്‍ അരിഞ്ഞുവീഴ്ത്തിയിട്ട് രാവണന്‍
യാത്ര തുടരുന്നു. സീതാവിരഹം സഹിയ്ക്കായ്കയാല്‍ ശ്രീരാമന്‍
വിലപിക്കുന്നതാണ് ആറാംരംഗത്തില്‍. ഏഴാം‌രംഗത്തില്‍ സീതയെതേടിയെത്തുന്ന
രാമലക്ഷ്മണന്മാരോട് ജടായു സീതയെ രാവണന്‍ കൊണ്ടുപോയ വൃത്താന്തം
അറിയിക്കുന്നു. അനന്തരം പിതൃസുഹൃത്തുകൂടിയായ ജടായുവിന് രാമദേവന്‍ മോക്ഷം
നല്‍കുന്നു. എട്ടാം‌രംഗത്തില്‍ കാനനത്തില്‍ സഞ്ചരിക്കുന്ന
രാമലക്ഷ്മണന്മാരെ എതിര്‍ക്കുന്ന അയോമുഖിയെന്ന രാക്ഷസിയെ ലക്ഷമണന്‍ അംഗഭംഗം
വരുത്തിയയക്കുന്നു. പമ്പാതടത്തിലെത്തിയ ശ്രീരാമന്‍ കാമബാണബാധയാല്‍
പരിതപിക്കുന്നതും ലക്ഷ്മണന്‍ ആശ്വസിപ്പിക്കുന്നതുമാണ് ഒന്‍പതാംരംഗത്തില്‍.
ഋഷ്യമൂകാചലത്തിനടുത്തെത്തിയ രാമലക്ഷ്മണന്മാരെ കണ്ട് അവിടെ വസിക്കുന്ന
സുഗ്രീവന്‍, അവരുടെ വൃത്താന്തമറിഞ്ഞുവരുവാന്‍ ഹനൂമാനെ നിയോഗിക്കുന്നതുമാണ്
അടുത്തരംഗത്തില്‍ കാണുന്നത്. പതിനൊന്നാംരംഗത്തില്‍ വടുവേഷത്തില്‍
രാമലക്ഷ്മണന്മാരെ സമീപിച്ച് ഹനൂമാന്‍ അവരാരെന്നറിഞ്ഞ്,
സുഗ്രീവസമീപത്തേക്ക് കൂട്ടിക്കൊണ്ടുവരുന്നു. പന്ത്രണ്ടാംരംഗം
രാമ-സുഗ്രീവസഖ്യമാണ്. ബാലിയെ നിഗ്രഹിച്ച് രാജ്യം നല്‍കാമെന്ന് രാഘവനും,
സീതയെ അന്വേഷിച്ച് കണ്ടുപിടിച്ച്തരാമെന്ന് സുഗ്രീവനും സത്യംചെയ്യുന്നു.
തുടര്‍ന്ന് ദുന്ദുഭിയുടെ കായവിക്ഷേപവും സപ്തസാലഭേദവും ചെയ്ത രാമനില്‍
വിശ്വാസംവന്ന സുഗ്രീവന്‍ ബാലിയെ പോരിനു വിളിക്കുന്നു.
ബാലിസുഗ്രീവയുദ്ധമാണ് പതിമൂന്നാംരംഗത്തില്‍. യുദ്ധത്തില്‍ പരാജയപ്പെട്ട
സുഗ്രീവന്‍, ബാലിയെ വധിക്കാമെന്നേറ്റ് അതുചെയ്യാത്തതില്‍ ക്രുദ്ധിച്ച്
രാമനെ ചെന്നുകണുന്നരംഗമാണ് അടുത്തത്. ‘യുദ്ധത്തിനിടയില്‍ ജേഷ്ഠാനുജന്മാരായ
നിങ്ങളെ തിരിച്ചറിയായ്കകൊണ്ടാണ് ഞാന്‍ അമ്പെയ്യാഞ്ഞത്‘ എന്നു പറഞ്ഞ്
രാമന്‍ സുഗ്രീവന് ഒരു ഹാരംനല്‍കി വീണ്ടും പോരിനയക്കുന്നു. സുഗ്രീവന്‍
ബാലിയെ വീണ്ടും പോരിനുവിളിക്കുന്നു. ഇതുകേട്ട് പോരിനുപുറപ്പെടുന്ന ബാലിയെ,
‘ഒരിക്കല്‍ തോറ്റോടിയ സുഗ്രീവന്‍ വീണ്ടും പോരിനു വിളിക്കുന്നതിനു കാരണം
അവന്റെ പിന്നില്‍ രാമനുണ്ടെന്നുള്ളതാണ് ‘ എന്നു പറഞ്ഞ് താര തടയുന്നതാണ്
പതിനഞ്ചാംഗരംഗം‍. ‘പണ്ട് പലാഴികടഞ്ഞുകൊടുത്ത് ദേവകളെ
സന്തോഷിപ്പിച്ചിട്ടുള്ള എന്നെ രാമന്‍ ചതിക്കയില്ല‘ എന്നുപറഞ്ഞ് ബാലി
പോരിനു പോകുന്നു. അന്ത്യരംഗത്തില്‍ സുഗ്രീവനുമായി
യുദ്ധംചെയ്തുകൊണ്ടിരിക്കുന്ന ബാലിയെ ശ്രീരാമന്‍ ഒളിയമ്പെയ്തു
വീഴ്ത്തുന്നു. ബാലി വിഷ്ണുധ്യാനത്തോടെ മോക്ഷം പ്രാപിക്കുന്നു. രാമന്‍
സുഗ്രീവനെ കിഷ്കിന്ധാരാജാവായി വാഴിക്കുന്നതോടെ കഥ അവസാനിക്കുന്നു.



ഇപ്പോള്‍
നടപ്പിലുള്ള അവതരണരീതി:-


പലരംഗങ്ങളിലേയും പദങ്ങളും,ചരണങ്ങളും ചിലഇടശ്ലോകങ്ങളും
ഒഴിവാക്കപ്പെട്ടിട്ടുണ്ട്.



ആറ്,എട്ട്,ഒന്‍പത് രംഗങ്ങള്‍ ഇപ്പോള്‍ നടപ്പിലില്ല.



പത്ത്,പന്ത്രണ്ട് രംഗങ്ങളില്‍ ഹനുമാന്‍‌വേഷം ഉണ്ടാകാറില്ല.
പത്താം‌രംഗത്തില്‍ ഹനുമാന്‍ ഉണ്ടെന്നുള്ള സങ്കല്‍പ്പത്തില്‍ സുഗ്രീവന്‍
ആടുകയാണ് പതിവ്.



പതിനൊന്നാം രംഗവും പതിവില്ല. പകരം പത്താം‌രംഗത്തിന്റെ അവസാനത്തില്‍
ഹനുമാന്‍ വടുവേഷധാരിയായി പോയി രാമലക്ഷമണന്മാരെ കൂട്ടിക്കൊണ്ട് വരുന്നത്
കാണുന്നതായി സുഗ്രീവന്‍ ആടുകയാണ് പതിവ്.

പന്ത്രണ്ടാംരംഗത്തിലെ, ഹനൂമാന്‍ രാമലക്ഷ്മണരെ കൂട്ടിക്കൊണ്ടുവന്ന്
സുഗ്രീവനെ പരിചയപ്പെടുത്തുന്ന ഭാഗവും നടപ്പിലില്ല. രാമനും സുഗ്രീവനും
അവരവരുടെ പൂര്‍വ്വകഥകള്‍ പറയുന്നതും, സീത ആകാശത്തില്‍നിന്നും
താഴേക്കിട്ടതും സുഗ്രീവന്‍ എടുത്തുസൂക്ഷിച്ചുള്ളതുമായ അംഗവസ്ത്രവും
ആഭരണങ്ങളും രാമനുനല്‍കുന്നതും, ഇരുവരും സഖ്യത്തിലേര്‍പ്പെടുന്നതും, രാമന്‍
ദുന്ദുഭിയുടെ കായവിക്ഷേപണം നടത്തുന്നതും അടങ്ങുന്നഭാഗങ്ങള്‍
(പന്ത്രണ്ടാംരംഗത്തിലെതന്നെ) പദങ്ങളോഴിവാക്കി ആട്ടത്തില്‍
കഴിക്കുന്നതായാണ് ഇന്നു കാണുന്നത്.



വളരെ കാലമായി പതിനാല്, പതിനഞ്ച്,രംഗങ്ങള്‍ നടപ്പിലില്ല. പകരമായി
പന്ത്രണ്ടാം രംഗത്തില്‍ തന്നെ ശ്രീരാമന്‍ സുഗ്രീവനെ ഹാരമണിയിച്ചയക്കും.
പതിമൂന്നാം രംഗത്തിനൊടുവില്‍ ബാലിസുഗ്രീവന്മാര്‍ യുദ്ധംചെയ്തുകൊണ്ട്
രംഗത്തില്‍ നിന്നും മുന്നോട്ട്(കാണികള്‍ക്കു നടുവിലേക്ക്) ഓടുകയും ഈ
സമയത്ത് രാമലക്ഷമണര്‍ രംഗത്ത് പ്രവേശിച്ച് ബാണമെയ്യുകയും ചെയ്യുന്നു.
ബാണമേറ്റനിലയില്‍ ബാലിഓടി വീണ്ടും രംഗത്തെത്തുന്നു. ഇങ്ങിനെ
പതിനൊന്നാംരംഗത്തെ പതിനാറാം രംഗവുമായി ഘടിപ്പിക്കുന്നു.



മൂലകഥയില്‍
നിന്നുള്ള വ്യതിയാനം
:



ആട്ടകഥയില്‍ ശൂര്‍പ്പണഖക്കു അംഗഭംഗം വന്ന വിവരം ഒരു രാക്ഷസന്‍ പറഞ്ഞാണ്
രാവണന്‍ അറിയുന്നത്. ആട്ടകഥയില്‍ ഈ രാക്ഷസന്റെ പേര്‍ പറഞ്ഞിട്ടില്ല. അതു
അകമ്പനന്‍ ആണെന്ന് ആട്ടംചിട്ടപ്പെടുത്തിയവര്‍ തീരുമാനിച്ചതാണ്.



രാമായണത്തില്‍ അയോമുഖിയെപറ്റി പ്രസ്താവനയില്ല.



അവതരണത്തിലെ
പ്രധാന പ്രത്യേകതകള്‍:




ഈ ആട്ടകഥയിലെ ആദ്യ രണ്ടുരംഗങ്ങളും ഏറ്റവും ചൊല്ലിയാട്ട പ്രധാനങ്ങളാകുന്നു.
‘എന്നാണ് നീ പോക മാനിനീമൌലേ’ എന്നിടത്ത് ചമ്പതാളം രണ്ടാംകാലത്തില്‍
മണ്ഡോദരിയെകൂട്ടിപിടിച്ച് അനുനയിച്ച് പറഞ്ഞുവിടുന്ന രൂപത്തിലുള്ള ഇരട്ടി,
‘മാരീചാ നിശാചരപുംഗവാ’ എന്ന ഇടക്കാല പദത്തിന്റെ ചൊല്ലിയാട്ടം, ഒന്നാംരംഗം
പകുതിമുതല്‍ രണ്ടാംരംഗം അന്ത്യംവരെ തുടര്‍ച്ചയായി ഉപയോഗിക്കുന്ന പാടിരാഗം,
മാരീചനെ നിയോഗിച്ച ശേഷമുള്ള ആട്ടം, വിശിഷ്യ ഇവിടെ സൂതനായുള്ള
പകര്‍ന്നാട്ടവും സീതയെ കണ്ട് ഹര്‍ഷം,അത്ഭുതം,കാമപീഡയാലുള്ള വിഷാദം,സുഖം
ഇവകള്‍ നടിക്കുന്നതും ‘ഇന്ദ്രാണീമഹം’ എന്ന ശ്ലോകത്തിന്റെ ആട്ടവും
എന്നിവയെല്ലാം മേല്‍‌പറഞ്ഞ രണ്ടുരംഗങ്ങളെ മനോഹരങ്ങളാക്കി തീര്‍ക്കുന്നു.

മൂന്നാംരംഗത്തിലെ, പിന്നണിയില്‍ തോടിരാഗാലാപനത്തോടെയുള്ള ശ്രീരാമന്റെ
മാന്‍പിടുത്തം, അഞ്ചാം രംഗത്തിലെ രാവണജടായുയുദ്ധം, പതിനൊന്നാം
രംഗത്തിലുള്ള സുഗ്രീവപദത്തില്‍ ‘തവസഹജനമിതബല’ എന്നിടത്ത് ചൊല്ലിവട്ടം
തട്ടിയാല്‍ ബാലി കലാശമെടുക്കുന്ന സമ്പ്രദായം, ആ രംഗത്തിലെ തന്നെ
ബാലിസുഗ്രീവന്മാര്‍ പര്‍വ്വതം ചുറ്റുന്നതും, യുദ്ധവട്ടത്തില്‍
ചമ്പതാളത്തിലുള്ള കിടന്നുചവിട്ടല്‍, പുലിയങ്കം തുടങ്ങിയ ചടങ്ങുകളുമെല്ലാം
പ്രത്യേകതയുള്ളവയാണ്.



സമ്പാദനം:
മണി, വാതുക്കോടം.






ആട്ടകഥാകാരന്‍:

കൊട്ടാരക്കര
തമ്പുരാന
്‍

ആട്ടകഥപ്രസ്ഥാനത്തിന്റേതന്നെ ഉപജ്ഞാതാവായ ഇദ്ദേഹത്തിന്റെ പേരും
ജീവിതകാലഘട്ടവും ഇന്നും വിവാദവിഷയങ്ങളാണ്. പേര്
വീരകേരളവര്‍മ്മയെന്നാണെന്നും ജീവിതകാലം പതിനേഴാം ശതകത്തിന്റെ മദ്ധ്യത്തിലൊ
അതിനുശേഷമൊ ആണെന്നും ചില ചരിത്രകാര്‍ന്മാര്‍ അഭിപ്രായപ്പെടുന്നു. ഒരു
ശങ്കരകവിയുടെ ശിഷ്യനായ ഇദ്ദേഹം അഷ്ടപദിയെ മാതൃകയാക്കിക്കൊണ്ട് (എന്നാല്‍
സംസ്കൃതത്തിലല്ല, ഇതിലെ ശ്ലോകങ്ങള്‍ മണിപ്രവാളത്തിലും പദങ്ങള്‍
ഭാഷയിലുമാണ് എഴുതിയിട്ടുള്ളത്.) രാമയണകഥ സമ്പൂര്‍ണ്ണമായി രംഗത്ത്
അവതരിപ്പിക്കുവാന്‍ പാകത്തിന് എട്ട് ആട്ടക്കഥകളായി എഴുതി.പുത്രകാമേഷ്ടി,
സീതാസ്വയംവരം, വിച്ഛിന്നാഭിഷേകം, ഖരവധം, ബാലിവധം, തോരണയുദ്ധം, സേതുബന്ധനം,
യുദ്ധം എന്നിവയാണ് ആ എട്ടുകഥകള്‍. ‘രാമനാട്ടം’എന്നപേരിലാണ് തമ്പുരാന്റെ
കാലത്തും പിന്നീട് വളരെ കാലത്തേക്കും ഈരംഗകല അറിയപ്പെട്ടിരുന്നത്. ‘കഥകളി’
എന്ന പേര് പിന്നീടാണ് ഉണ്ടായത്. ആദിമകാലത്ത് തമ്പുരാന്റെ എട്ടുകഥകള്‍ക്കും
പ്രചാരമുണ്ടായിരുന്നു. എന്നാല്‍ പില്‍കാലത്ത്
സീതാസ്വയംവരം,ബാലിവധം,തോരണയുദ്ധം എന്നീ മൂന്നുകഥകള്‍ക്ക് മാത്രമായി
പ്രചാരം.ഇതില്‍ തന്നെ ബാലിവധവും തോരണയുദ്ധവും കളരിയില്‍ ചൊല്ലിയാടിക്കുന്ന
ചിട്ടപ്രധാനമായ കഥകളാണ്.




അഭ്യസനം

 
 
 
 

Custom Search